index

NEWS & EVENTS

NewsImage

ഞങ്ങൾ യുദ്ധം ജയിച്ചവർ

പ്രകൃതിയുടെ പച്ചപ്പിൽ നിന്നും മരുഭൂമിയിലേക്ക് പറിച്ചുനടപ്പെട്ട യു.എ.ഇ യിലുള്ള ഇരട്ടകളുടെ ഗ്രാമക്കാർ ഫെയ്സ് കൊടിഞ്ഞി കായിക ദിനത്തിൻറെ ഭാഗമായി അതേ പച്ചപ്പിനെ ഓർമിപ്പിച്ചു കൊണ്ട് അബുദാബി അൽ റഹബ ഗ്രീൻഫാമിൽ ഒത്തുകൂടി. പാടുന്ന കിളികൾ ആടുന്ന മയിലുകൾ കുറുകുന്ന പ്രാവുകൾ കൂവുന്ന കോഴികൾ നിരയൊത്ത മരങ്ങൾ തണലിട്ട ആ ഗ്രാമീണതയിലേക്ക് കടന്നു ചെല്ലുമ്പോൾ മരുമണൽക്കാട്ടിൻ ഒരു ദിവസത്തേക്കെങ്കിലും സ്വന്തം നാടിനെയും നാട്ടുകാരെയും തിരിച്ചു കിട്ടിയ സന്തോഷത്തിലായിരുന്നു എല്ലാവരും.

ഒന്നിച്ചു പഠിച്ചു വളർന്നവർ, ഒരു കളത്തിൽ കളിച്ചവർ, ഒരു കുളത്തിൽ കുളിച്ചവർ, ഒരേ മനസ്സായിജീവിച്ചവർ കാലത്തിൻറെ കൂലംകുത്തിയൊഴുക്കിൽ അല്ലലില്ലാത്ത ജീവിതത്തിനായ് കുടിലും കുലവും വിട്ട് ലോകത്തിൻറെ പലപല മൂലകളിലേക്ക് അകലം പാലിക്കേണ്ടിവന്നവർ. കണ്ടുമുട്ടാനാവാതെ ദീർഘമായ ഇടവേളകൾക്കൊടുവിൽ ഒന്നിച്ചപ്പോൾ കാലം മാറ്റി വരച്ച മുഖങ്ങളെ തിരിച്ചറിയാൻ പ്രയാസപ്പെട്ടവർ മുതൽ സോഷ്യൽ മീഡിയയിലൂടെ വളരെ അടുത്ത കുട്ടുകാരെങ്കിലും ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടുന്നവർ വരെയുണ്ടായിരുന്നു ആ കൂട്ടത്തിൽ .

അദ്ലാൻ പി.പി യുടെ വേദവാക്യ പാരായണത്തോടെ ആരംഭിച്ച ഉദ്ഘാടന സെഷനിൽ പ്രോഗ്രാം കൺവീനർ റിയാസ് പാലക്കാട്ട് മുഴുവൻ പേരെയും പരിപാടിയിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്തു. ശേഷം പ്രോഗ്രാം ഷെഡ്യൂൾ അവതരിപ്പിക്കുകയും ഒപ്പം അവിടെ അനുവർത്തിക്കേണ്ട എല്ലാ കാര്യങ്ങളിലും വ്യക്തമായ മാർഗനിർദ്ദേശങ്ങളും നൽകി. വലിയ ജനപങ്കാളിത്തത്താൽ വളരെ കൃത്യതയോടെ നടന്ന മത്സരപരിപാടിയിൽ ഏറെ വാശിയും വീറും പ്രകടമായിരുന്നു. കരുത്തരായ നാലു ഗ്രൂപ്പകൾ വ്യത്യസ്ത മത്സരങ്ങളിലായി മുഴുവൻ ശക്തിയും പുറത്തെടുത്തുള്ള പോരാട്ടങ്ങൾ ആകാംക്ഷ നിറഞ്ഞ കാണികളെ മാത്രമല്ല തണുത്ത മരുഭൂമിയെയും ചൂടുപിടിപ്പിക്കുന്നതായിരുന്നു.
ക്രിക്കറ്റും വോളിബോളും ഫുട്ബോളും ഒട്ടും ചോർന്നു പോവാത്ത പഴയ അതേ കളിയാവേശത്തോടെ കളം നിറഞ്ഞാടിയ പടക്കുതിരകൾ പകർന്ന് നല്കിയത് ശാരീരിക ക്ഷമതയുടെ പുതിയ കരുത്തായിരുന്നു. വെള്ളിയാഴ്ചയിലെ പ്രാർത്ഥനക്കും ശേഷം ഭക്ഷണത്തിനും വിശ്മത്തിനുമായി മാത്രമായിരുന്നു ഇടവേളയുണ്ടായത് .

മഴയേറ്റ മരുഭൂമിയിൽ നിലക്കാതെ വീശിയ മേടക്കാറ്റിൻറെ രാമച്ച വിശറി നൽകിയ കുളിരിനോടൊപ്പം ഷാജഹാൻ പനമ്പിലായി യുടെ സ്വരരാഗപ്രവാഹവും അബ്ദുൽകരീം പുളിക്കലകത്ത് എഴുതി ബഷീർ തേറാമ്പിൽ സംഗീതം ചൈത മയിലുകളാടുന്ന കൊടിഞ്ഞി ഗ്രാമത്തെ കുറിച്ചുള്ള ഗാനവും ഏവരെയും തഴുകിയൊഴുകിയത് വിശ്രമവേള പോലും ആനന്ദകരമാക്കി.

തുടർന്ന് നടന്ന പൊതുപരിപാടിയിൽ മുഖ്യാതിഥിയായെത്തിയത് കായിക രംഗത്തെ കഠിന പരിശ്രമങ്ങൾ കൊണ്ട് നാടിനകത്തും പുറത്തും നിന്ന് ധാരാളം അംഗീകാരങ്ങൾ തേടിയെത്തിയ മോഹൻദാസ് പുതുക്കാട്ടിൽ ആയിരുന്നു. ശാരീരികാരോഗ്യത്തിന് കായിക ക്ഷമത കൈവരിക്കുന്നതിലൂടെയുള്ള ഗുണഗണങ്ങൾ അക്കമിട്ടു പറഞ്ഞ അദ്ദേഹം ഇത്തരത്തിൽ വലിയ ജനപങ്കാളിത്തമുള്ള പരിപാടിയിൽ എത്തിപ്പെടാനായില്ലായിരുന്നു എങ്കിൽ അത് ജീവിതത്തിലെ വലിയൊരു നഷ്ടമായിരിക്കും എന്നും സൂചിപ്പിച്ചു. ദുബൈ സൈക്ലിംങ് ചാലഞ്ചിലെ സഹതാരമായ ഇസ്ഹാഖ് പി.കെ യാണ് കായിക പരിപാടിക്ക് ഏറ്റവും യോജിച്ചയാളെത്തന്നെ സ്റ്റേജിലെത്തിച്ചത് .

പ്രസിഡൻറ് റഷീദ് എം.കെ സദസിനെ അഭിസംബോധന ചൈത് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. കൂടെ ജ്യൂസ് വേൾഡ് നൽകുന്ന ശക്തമായ പിന്തുണക്ക് അതിന്റെ സംരഭകരോട് ഫേസ് കൊടിഞ്ഞിയുടെ നന്ദി അറിയിച്ചു. അൽ അമീറാ ഗ്രൂപ്പും പിന്തുണയുമായി കൂടെത്തന്നെ ഉണ്ടായിരുന്നു. തുടർന്ന് മുഖ്യാതിഥിയെ ചെയർമാൻ അയ്യൂബ് പൊറ്റാണിക്കൽ ഉപഹാരം നൽകി ആദരിച്ചു. നവ യുവ സംരഭകനുള്ള മൊമെന്റോ സഹാറാ ഡെൻറൽ കെയർ എം ഡി ഡോ: അലി ജാബിർ സിപി ക്ക് അൽ-അമീറ ഗ്രൂപ്പ് എം.ഡി ദാസേട്ടൻ കൈമാറി. ഇവിടെയും, നാട്ടിലും കലാ കായിക വിദ്യാഭ്യാസ തൊഴിൽ രംഗങ്ങളിൽ ഫെയ്സ്കൊടിഞ്ഞി ആവിഷ്കരിച്ച പരിപാടികൾ , PSC കോച്ചിങ്ങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്വരവും സാരവും സുന്ദരമാക്കി മുസ്തഫ പാട്ടശ്ശേരി സദസിന് മുമ്പിൽ സംക്ഷിപ്തമായി അവതരിപ്പിച്ചു. പരിമിതികൾ മറികടന്ന് പരിപാടിയുടെ ആസ്വാദനത്തിൽ മുഴുകിയ ഹംദാൻ റിയാസ് പാലക്കാട്ടിനെ ആബാലവൃദ്ധം ആദരിച്ചപ്പോൾ അതൊരു പവിത്രമായ പ്രാർത്ഥനയുടെ ഉത്തുംഗ മുഹൂർത്തമായി മാറി.

തുടർന്ന് മത്സരങ്ങളിലേക്ക് തിരികെ മടങ്ങുമ്പോൾ എങ്ങിനെയും ഓവറോൾ ട്രോഫി കൈപ്പിടിയിലൊതുക്കാനുള്ള തന്ത്രങ്ങളിലായിരുന്നു നാലു ഗ്രൂപ്പുകളും. അത് ലറ്റിക് മത്സരത്തിൽ പുതിയ വേഗവും ചെറിയ സമയവും കണ്ടെത്താനായ് നടന്നത് കടുത്ത മത്സരമായിരുന്നു . ഗ്രീനും റെഡും ഫൈനലിലെത്തിയ വടംവലി മത്സരം മുമ്പ് നാട്ടിൽ കയറ് വലിച്ച് പൊട്ടിച്ചവരുടെ പിൻതലമുറക്കും പരമ പ്രധാനമായിരുന്നു. ആവേശത്തിൻറെ അലയൊലികൾ ആകാശത്തോളം വീശിയടിച്ചപ്പോൾ പേശീബലത്തിൻറെ ഉശിരു കാട്ടി പോരിശ നേടിയത് മല്ലയുദ്ധത്തിന് പാകമായ ശരീരക്കാരായ ചോപ്പന്മാരായിരുന്നു.

ക്ഷീണമറിയാതെ മുഴുനീളെ കളികൾ നിയന്ത്രിച്ച ജഡ്ജിങ് പാനലിലെ അബ്ദുൽ ജലീൽ പി.പി യും, ഹബീബ് റഹ്‌മാൻ മാളിയാട്ടും, പ്രായത്തെ പടിക്ക് പിന്നിൽ നിർത്തി മികച്ച താരമായ് മാറിയ ഷരീഫ് പുളിക്കലകത്തും വിസ്മയമായി. കച്ചവടത്തിൽ മാത്രമല്ല അങ്കത്തിനും കച്ചകെട്ടാമെന്ന് തെളിയിച്ച് ബൂട്ടണിഞ്ഞിറങ്ങിയ അലവി ഹാജി പാട്ടശ്ശേരി 40 വർഷ പ്രവാസത്തിൽ ഒരു ഗൾഫ് രാജ്യത്തിൽ വെച്ചും കണ്ടിട്ടില്ലാത്ത ഇത്രയും കൃത്യവും കുറ്റമറ്റതുമായ പരിപാടിക്ക് സംഘാടകരെ ഹൃദ്യമായി അനുമോദിച്ചു.

അങ്കം കുറിച്ചത് മുതൽ താരങ്ങളെ തങ്ങളുടെ കൂടെ നിർത്താൻ ഓരോ ക്യാപ്റ്റന്മാരും കാട്ടിയ തിടുക്കമാണ് ആവേശം ഇത്രയും ഉയർത്തിയത്. അതിൽ റെഡ് ഗ്രൂപ് ക്യാപ്റ്റൻ ഷാഹിദ് ഒരു പടി മുന്നിലായിരുന്നു. കറുത്ത ജഴ്സിയുമിട്ട് ചിന്നം വിളിക്കുന്ന കാട്ടാനക്കൂട്ടത്തിനിടയിൽ മദം പൊട്ടിയ ഒറ്റയാനെപ്പോലെ ആവേശം പകരാനായ് ഓടി നടന്ന യാസിർ പാലക്കാട്ട് ക്യാപ്റ്റൻസിയുടെ പുതിയ ചിത്രങ്ങളാണ് ഗ്രൗണ്ടിൽ വരച്ചിട്ടത്. ഗ്രീൻ ടീമിൻറെ മുബശ്ശിർ കൊളത്തൂരും വൈറ്റിൻറെ ക്യാപ്റ്റൻ മുബശ്ശിർ VP യും വിശ്രമമറിയാതെ തങ്ങളുടെ ടീമിനെ മുമ്പിലെത്തിക്കാൻ മുന്നിൽതന്നെയായിരുന്നു.

കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേകം നടത്തിയ ഓരോരോ മത്സരങ്ങൾക്കും നല്ല പ്രാതിനിത്യമുണ്ടായിരുന്നു. അടുക്കളയിൽ നിന്നും അരങ്ങത്തേക്കെത്തിയപ്പോൾ അരക്കാനും അലക്കാനും ഉണ്ണികളെ നോക്കാനും മാത്രമല്ല അങ്കക്കളരിയിൽ ഉണ്ണിയാർച്ചമാരാവാനും പോന്നവരാണെന്ന് ആ വീരാംഗനകൾ തെളിയിക്കുകയും ചെതു. ഏറ്റവും ആസ്വദിച്ചതും ആനന്ദിച്ചതും അവർ തന്നെയായിരിക്കും. ജാസ്മിൻ സാലിഹ് പി പി യുടെ സംഘാടനത്തിലെ പരിശ്രമങ്ങളും പരാമർശിക്കാൻ പോന്നതായിരുന്നു.

സമാപനവും സമ്മാനദാനവുമായി നടന്ന ചടങ്ങിൽ ഫെയ്സ് കൊടിഞ്ഞിയുടെ പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള ജനറൽ ബോഡി കൂടി ചേരുകയുണ്ടായി , ജനാധിപത്യ രീതിയിൽ അംഗങ്ങൾക്ക് സ്വയം തന്നെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ സ്ലിപ് നല്കിക്കൊണ്ട് അവസരമൊരുക്കി. യു.എ.ഇ യുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഐക്യത്തിന്റെ ബലവും സഹകരണത്തിൻറെ മനസ്സുമായി സംഘടിപ്പിച്ച അതിഗംഭീരമായ ഈ മത്സരയുദ്ധക്കളത്തിൽ എല്ലാവരും വിജയികളായി എന്നത്കൊണ്ട് തന്നെയാണ് ആഹ്‌ളാദത്തിന്റെ നെറുകയിലെത്തിച്ച സമ്മാനദാനം നനഞ്ഞ മണ്ണിൽ നിന്നു പോലും പൊടി പടലങ്ങൾ വാനിലുയർത്താൻ പോന്നതായത്.

മെഡലുകൾ അണിഞ്ഞെത്തിയ കുട്ടികളുടെ ഭാവങ്ങൾക്ക് ഒരു സാമ്രാജ്യം വെട്ടിപ്പിടിച്ച പ്രതീതിയുണ്ടായിരുന്നു. നിറഞ്ഞ കയ്യടിയിൽ സ്ത്രീകളും സമ്മാനങ്ങളേറ്റുവാങ്ങി
ഒന്നാം സമ്മാനം നേടിയ പ്രിയതമയുടെ കഴുത്തിൽ ഷാഹിദ് മെഡലണിയിക്കുമ്പോൾ മക്കൾ വലിയ കുട്ടികളായിട്ടും കല്യാണനാളിൽ വരണമാല്യം കൈമാറുന്ന പുതുമോടികളുടെ നാണം ഇരു മുഖങ്ങളിലും പ്രകടമായിരുന്നു. ചെയർമാൻ അയൂബ് പി, പ്രസിഡന്റ് റഷീദ് എം കെ, സെക്രട്ടറി മുഫ് നാസ് പി പി ,റിയാസ് പാലക്കാട്ട് ,മുസ്തഫ പാട്ടശേരി അലവി ഹാജി പാട്ടശേരി, ഷാജഹാൻ സി പി, അബ്ദുൽ ജലീൽ പി പി, ജാഫർ പനക്കൽ, റഹീം & റഷാദ് കല്ലുപറമ്പൻ, ഇസ്മായിൽ പത്തൂർ, ഇസ്മായിൽ കൊളത്തൂർ ,ഉസ്മാൻ എ.സി തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു .

ആലംബം നഷ്ടമായ ആയിരങ്ങൾക്ക് അവലംബമായ KMRC യുടെ സാരഥി സലാം ഹാജി പനമ്പിലായി മുഴുസമയവും കൂടെ നിന്നു. നൂതനസംവിധാനത്തോടെ ന്യൂനതകളില്ലാതെ ശബ്ദസംവിധാനമൊരുക്കി ബഷീർതേറാമ്പിൽ കാതുകളിൽ പ്രതിദ്ധ്വനി തീർത്തു. എംബസിയിൽ നാടിന് വേണ്ടി എന്ന പോലെ തന്നെ മുഹമ്മദലി പത്തൂർ പ്രോഗ്രാമിലും നാഡിയായി നിലകൊണ്ടു.

തള്ളക്കോഴി കുഞ്ഞുങ്ങളെ എന്നപോലെ ചിറകിനിടയിലൊളിപ്പിക്കാൻ ശ്രമിച്ച് കഴിയാതെ പോയപ്പോൾ തക്കം പാർത്ത് ട്രോഫി ഷാഹിദിനൊപ്പം കൂടെയുള്ള ചെമ്പരുന്തുകൾ റാഞ്ചിയെടുത്ത് കൊണ്ട് പോവുമ്പോൾ എല്ലാവരും ഒരേ താളത്തിൽ നിർത്താതെ കയ്യടിച്ച ആ ഒരുമയുടെ പേരാണ് ഫെയ്സ് കൊടിഞ്ഞി.

സഹനവും സ്നേഹവും സഹിഷ്ണുതയും സഹവർത്തിത്തവും ബഹുസ്വരതയും സത്യവും നമ്മെ പഠിപ്പിച്ച സത്യപ്പള്ളിയുടെ നാടിനും അന്നം തേടിയെത്തിയ ഈ കുടിയേറ്റ ഭൂമിക്കും അർപ്പണബോധമുള്ള സമർപ്പണ സജജരായ ഒരു സംഘത്തിൻറെ ഹാരാർപ്പണമാണ് ഇതെന്നതിൽ സംശയമില്ല.

ഓർമകളിൽ ഒത്തിരി അനുഭൂതികൾ പകർന്നു തന്ന ഇത്തരം സൃദിനങ്ങൾക്കായുള്ള കാത്തിരിപ്പു പോലും എത്ര സുഖമുള്ളതാണ്.

✒ ഷാജഹാൻ സി പി കൊടിഞ്ഞി.